കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കേരള മഹല്ല് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മ നടപ്പാക്കുന്ന ഭവന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കോട്ടത്തറ പഞ്ചായത്തിലെ വാളലില്‍ നിര്‍മാണം പൂര്‍ത്തിയായ 12 വീടുകള്‍ ഇന്ന് ഗുണഭോക്തൃ കുടുംബങ്ങള്‍ക്ക് കൈമാറും.
ഇതിന് ഉച്ചകഴിഞ്ഞ് രണ്ടിന് വാളല്‍ യുപി സകൂളിന് സമീപം സംഘടിപ്പിക്കുന്ന ചടങ്ങ് കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. ഭവനങ്ങളുടെ താക്കോല്‍ദാനം വിവിധ മഹല്ല് പ്രതിനിധികള്‍ നിര്‍വഹിക്കും. എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മ ചെയര്മാന് മുഹമ്മദ് വെട്ടത്ത് അധ്യക്ഷത വഹിക്കും. ഓരോ വീടും സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ആധാരം അന്‍സാര്‍ ദുബായ് കൈമാറും.
എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മ മുഖ്യരക്ഷാധികാരി അലിയാര് ഖാസിമി മുഖ്യപ്രഭാഷണം നടത്തും. കുടിവെള്ള പദ്ധതി കോട്ടത്തറ പഞ്ചായത്ത് പ്രസിന്റ് സി.പി. രജിത ഉദ്ഘാടനം ചെയ്യും. പദ്ധതി പ്രദേശത്തെ റോഡിന്റെ ഉദ്ഘാടനം വാര്‍ഡ് അംഗം ജസ്റ്റിന് സിറിയക് നിര്‍വഹിക്കും.
കൊല്ലം കരുനാഗപ്പള്ളി സ്വദേശി അന്‍സാര്‍ സൗജന്യമായി നല്കിയ 1.08 ഏക്കര്‍ സ്ഥലത്താണ് ഭവന പദ്ധതി നടപ്പാക്കിയത്. രണ്ട് വീടുകളുടെ നിര്‍മാണം പൂരോഗതിയിലാണ്. ഓരോ കുടുംബത്തിനും അഞ്ച് സെന്റ് സ്ഥലവും 860 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുമാണ് നല്‍കുന്നതെന്ന് കേരള മഹല്ല് കോണ്‍ഫെഡറേഷന്‍ ചീഫ് കോഓര്‍ഡിനേറ്റര്‍ ടി.എ. മുജീബ് റഹ്മാന് അറിയിച്ചു.